അജിത് കുമാറിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം

അജിത് കുമാറിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വമിര്‍ശനവുമായി സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളനത്തിലാണ് എം.ആര്‍ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് പ്രതിനിധികള്‍ രംഗത്തെത്തിയത്. ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സര്‍ക്കാര്‍ കീഴടങ്ങിയെന്ന പ്രതീതിയാണ് ഉണ്ടാക്കിയതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്താന്‍ പാടില്ലായിരുന്നു. നിയമപ്രകാരം അവകാശമുണ്ടെങ്കില്‍ അത് കോടതിയില്‍ പോയി വാങ്ങിവരട്ടേ എന്ന നിലപാട് സ്വീകരിക്കണമായിരുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് വിമര്‍ശനം.

പൊലീസ് സ്റ്റേഷനുകളില്‍ സി.പി.എം നേതാക്കളെക്കാള്‍ സ്വീകരണം ലഭിക്കുന്നത് ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയ ശത്രുക്കള്‍ക്ക് ഗുണമായി മാറും. ബി.ജെ.പിയിലേക്ക് ചേക്കേറിയ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശേരിയെ പോലുള്ളവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ പരിഹസിച്ചു.

ധനവകുപ്പ് സമ്പൂര്‍ണ പരാജയമാണ്. കേന്ദ്രം സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരില്‍ കിഫ്ബി പോലുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ആരോഗ്യ വകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.