കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹര്‍ജി വിധി പറയാനായി ഈ മാസം 26 ലേക്ക് മാറ്റി. ഹര്‍ജി കോടതി ശനിയാഴ്ച പരിഗണിച്ചിരുന്നില്ല. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ ഹര്‍ജിക്കാരുടെ വാദം കോടതി നേരത്തേ കേട്ടിരുന്നു. രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രേഖകള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ കേസ് അന്വേഷണം വേറെ ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുകയാണെങ്കില്‍ തെളിവുകള്‍ കിട്ടാതാകും എന്ന വാദവുമായാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ, കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി പ്രശാന്തന്‍ എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, സംഭവം നടന്ന ദിവസത്തെ വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ സംരക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.