അല്ലു അര്‍ജുന്റെ വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞ് ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

 അല്ലു അര്‍ജുന്റെ വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞ് ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിങ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി.

ചെടിച്ചട്ടികള്‍ തല്ലിപ്പൊട്ടിച്ചും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തും പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളിച്ചാണ് സംഘമെത്തിയത്. പൊലീസ് സ്ഥലത്തെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘം പ്രതിഷേധിച്ചത്.

പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യക്കേസിലെ നടപടിയില്‍ മണിക്കൂറുകള്‍ക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.