സഭ ജൂബിലി വർഷത്തിലേക്ക്; ഡിസംബർ 26ന് റോമിലെ റെബീബിയയിലെ ജയിലിൽ പാപ്പ വിശുദ്ധ വാതിൽ തുറക്കും

സഭ ജൂബിലി വർഷത്തിലേക്ക്; ഡിസംബർ 26ന് റോമിലെ റെബീബിയയിലെ ജയിലിൽ പാപ്പ വിശുദ്ധ വാതിൽ തുറക്കും

വത്തിക്കാൻ സിറ്റി : ഡിസംബർ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറക്കുന്നതോടെ കത്തോലിക്ക സഭയുടെ 2025 ജൂബിലി വർഷത്തിന് ഔദ്യോഗിക തുടക്കമാകും. ഡിസംബർ 29 ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 'പ്രതീക്ഷയുടെ തീർത്ഥാടകർ' എന്നതാണ് ജൂബിലിയുടെ പ്രമേയം.

ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിൽ ഡിസംബർ 26ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. ഒരു കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ മാർപാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
ജയിലിൽ ഞങ്ങൾ നടത്തുന്നത് ഒരു ജോലി മാത്രമല്ല ഒരു വിളിയും കൂടിയാണെന്നും പാപ്പയുടെ സന്ദർശനം അതിനൊരു അംഗീകാരമാകുകയാണെന്നും ജയിൽ അധികൃതയായ സാറാ പറഞ്ഞു.


സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ

റോമിലെ ഇതര പേപ്പൽ ബസിലിക്കകളായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി ഒന്നിനും വിശുദ്ധ പൗലോസിന്റെ ബസിലിക്ക ജനുവരി അഞ്ചിനും ആയിരിക്കും തുറക്കപ്പെടുക.

2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ ജൂബിലി വർഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളിൽ ആരോഗ്യ പ്രവർത്തകർ മുതൽ സൈനിക ഉദ്യോഗസ്ഥർ വരെ, കുടുംബങ്ങൾ മുതൽ പാർശ്വവൽക്കരിക്കപ്പെട്ടവർ വരെ എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശ്വാസികൾക്ക് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യപ്രവൃത്തികൾ ചെയ്യാനും അവരുടെ പാപങ്ങൾ മോചിക്കുവാനുമുള്ള പ്രത്യേക അവസരമാണ് ജൂബിലി. സാധാരണയായി 25 വർഷത്തിലൊരിക്കലാണ് കത്തോലിക്ക സഭയിൽ ജൂബിലി ആചരിക്കുന്നത്. ജൂബിലി 2025 വെബ്‌സൈറ്റിൽ ജൂബിലി വർഷത്തിൽ വത്തിക്കാനിൽ നടക്കുന്ന പ്രധാന പരിപാടികളുടെ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരിപാടികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷനും ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.