തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ പരാതിയുമായി ഇന്റലിജന്‍സ് വിഭാഗം മേധാവി പി. വിജയന്‍.
പി. വിജയന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ വിജയന്‍ പറയുന്നത്. ഇതില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി തുടര്‍ നടപടികള്‍ക്കായി ഡിജിപി സര്‍ക്കാരിന് കൈമാറി.
അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഡിജിപി എസ്. ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഈ സമിതിക്ക് മുന്നിലാണ് പി. വിജയനെതിരെ അജിത് കുമാര്‍ മൊഴി നല്‍കിയത്. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്.പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു.
കോഴിക്കോട്ട് ട്രെയിനിലെ തീവയ്പ്പില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം പി. വിജയനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് വിജയന്‍ സര്‍വീസില്‍ തിരിച്ചെത്തിയത്.
അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കാനൊരുങ്ങുകയാണ് വിജിലന്‍സ് വകുപ്പ്. അന്വേഷണത്തില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് നിലപാട്. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.