പുൽക്കൂടുകൾക്ക് നേരെയുള്ള ആക്രമണം മുറിവേൽപ്പിക്കുന്നത്: കത്തോലിക്ക കോൺഗ്രസ്

പുൽക്കൂടുകൾക്ക് നേരെയുള്ള ആക്രമണം മുറിവേൽപ്പിക്കുന്നത്: കത്തോലിക്ക കോൺഗ്രസ്

കൊച്ചി : ക്രിസ്തുമസ് കാലയളവിൽ പുൽക്കൂടുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും അവഹേളനങ്ങളും വലിയ മുറിവുകളേൽപ്പിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ്. പാലക്കാട് സ്കൂളിൽ കരോളിനെതിരെ അക്രമം നടത്തിയതും പുൽക്കൂട് തകർത്തതും അപലപനീയമാണ്.

കരോൾ അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്തത് പോലെ,പുൽക്കൂട് തകർത്ത സാമൂഹ്യ വിരുദ്ധരെ ഉടൻ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ക്രിസ്തുമസ് വെച്ച് രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കരുത്. മതസൗഹാർദ്ദം നിറഞ്ഞു നിൽക്കുന്ന കേരള സമൂഹത്തിൻ്റെ കൂട്ടായ്മ തകർക്കാൻ ശ്രമം നടക്കുന്നതതും അത് മുതലെടുപ്പിന് ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ല. ഒന്നിലധികം സ്ഥലത്ത് പുൽക്കൂടുകൾക്കും കരോളിനുമെതിരെയുള്ള എതിർപ്പുകളും സ്ഥാപനങ്ങളിൽ നിന്ന് ക്രിസ്മസ് പ്രതീകങ്ങൾ എടുത്ത് മാറ്റലുമൊക്കെ വാർത്തയാകുമ്പോൾ സംഭവങ്ങൾ സംഘടിത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നൂറ്റാണ്ടുകളായി ഓണവും വിഷുവും പോലെ തന്നെ നാനാജാതിമതസ്ഥർ ഒന്നു ചേരുന്ന ആഘോഷമായി ക്രിസ്തുമസ് കേരളത്തിൽ കൊണ്ടാടുന്നതാണ്.ശാന്തിയും സമാധാനവും നിറഞ്ഞുനിൽക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ അശാന്തി പരത്താനുള്ള ശ്രമങ്ങൾ കേരള സമൂഹത്തോടുള്ള വെല്ലുവിളി ആണന്നും ഈ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും, ശക്തമായ നടപടികൾ സർക്കാർ എടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു.

ഗ്ലോബൽ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിലിന്റെ ആദ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, അഡ്വ ടോണി പുഞ്ചക്കുന്നേൽ,പ്രൊഫ കെ എം ഫ്രാൻസിസ്, ബെന്നി ആന്റണി,അഡ്വ ബോബി ബാസ്റ്റിൻ,ജീജോ അറക്കൽ,തോമസ് ആന്റണി,ഡെന്നി തെങ്ങുംപള്ളിൽ,അഡ്വ മനു വരാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.