കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി. പട്ടാമ്പി സ്വദേശികളായ മനോജ് , ജോയൽ എന്നിവരാണ് മരിച്ചത്. എസിയുടെ ഗ്യാസ് ലീക്കായതാകാം മരണകാരണമെന്ന് പ്രാഥമിക സംശയം.
ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ച മനോജ് പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയൽ. തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.