കൊച്ചി: മുനമ്പത്തെ താമസക്കാരില്‍ നിന്നും ഭൂനികുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിലപാടില്‍ മുനമ്പം ജനതയ്ക്ക് അതൃപ്തി. റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാതെ പ്രശ്ന പരിഹാരം ആകില്ലെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ മുനമ്പം വിഷയം മനപൂര്‍വ്വം നീട്ടിക്കൊണ്ടു പോകുന്നുവെന്ന് ഇന്ന് സമര പന്തല്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു.
മുനമ്പം നിവാസികള്‍ക്ക് കരമടക്കാനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ സമര സമിതി നേതാക്കള്‍ തൃപ്തരല്ല. രജിസ്റ്ററില്‍ നിന്ന് വഖഫ് ഭൂമി എന്ന ടൈറ്റില്‍ ഒഴിവാക്കണം. അത് മാറ്റാതെ കരം അടക്കാന്‍ അനുമതി നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സമര സമിതി പറഞ്ഞു.
സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സത്യവാങ്മൂലത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് കാപട്യമാണെന്നും അദേഹം പറഞ്ഞു. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജനുവരി നാലിന് ഹിയറിങ് ആരംഭിക്കും. റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് സമര സമിതി.
ക്രിസ്മസ് ദിനമായ ഇന്ന് ഇരുനൂറിലധികം പേര്‍ സമര പന്തലില്‍ നിരാഹാരം അനുഷ്ഠിച്ചു. നാളെ മുതല്‍ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളിലെ ഒരാള്‍ വീതം നിരാഹാരം ഇരിക്കും.