എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു; വിട പറഞ്ഞ് മലയാളത്തിന്റെ പെരുന്തച്ചന്‍

എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു; വിട പറഞ്ഞ് മലയാളത്തിന്റെ പെരുന്തച്ചന്‍

കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തിനായിരുന്നു അന്ത്യം.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായര്‍. മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവായ അദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ.സി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം എന്നിവയും കേരള നിയമസഭ പുരസ്‌കാവും ലഭിച്ചു.

ആദ്യമായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് 1958) എന്ന ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിരുന്നു. പില്‍ക്കാലത്ത് സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നി കൃതികള്‍ക്കും കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി എം.ടി ചലച്ചിത്രലോകത്ത് പ്രവേശിച്ചിരുന്നു. 1973 ല്‍ ആദ്യമായി സംവിധാനം ചെയ്ത് നിര്‍മിച്ച നിര്‍മാല്യം എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദേഹത്തിന് നാല് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങള്‍ക്കായിരുന്നു ദേശീയ പുരസ്‌കാരം. നിരവധി കൃതികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.