സിഡ്നി: ബ്ലോക്ക്ബസ്റ്റർ സിനിമ ‘ക്രോക്കഡൈൽ ഡണ്ടി’യിൽ പോൾ ഹോഗനൊപ്പം അഭിനയിച്ച മുതല ബർട്ട് വിടപറഞ്ഞു. അഞ്ച് മീറ്റർ നീളമുള്ള ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയായിരുന്നു ബർട്ട്. 700 കിലോഗ്രാമുള്ള മുതലക്ക് 90 വയസുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയിലെ ഡാർവിനിൽ തിങ്കളാഴ്ചയാണ് മുതല ചത്തത്. 'ക്രോക്കഡൈൽ ഡണ്ടി'യിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം 2008 മുതൽ ബർട്ട് ഓസ്ട്രേലിയയിലെ ക്രോക്കോ സോറസ് അക്വേറിയത്തിലായിരുന്നു കഴിഞ്ഞ് വന്നത്.
അതീവ ദുഖത്തോടെയാണ് ഞങ്ങൾ ഓസ്‌ട്രേലിയൻ ക്ലാസിക് 'ക്രോക്കഡൈൽ ഡണ്ടി'യിലെ താരമായ ബർട്ടിന്റെ വിയോഗം അറിയിക്കുന്നതെന്ന് മൃഗശാല അധികൃതർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗ്രഹത്തിലെ ഏറ്റവും വലിയ ഉരഗങ്ങളിൽ ഒന്നാണ് ഉപ്പുവെള്ള മുതലകൾ. അവയോട് വളരെ അടുത്ത് പോകുന്ന ഏത് മൃഗത്തെയും ഭക്ഷിക്കാൻ ഇവക്ക് കഴിവുണ്ട്. ഉപ്പുവെള്ള മുതലയുടെ ശരാശരി ആയുസ് 70 വർഷമാണ്. എന്നാൽ ചിലത് 100 വർഷം വരെ ജീവിക്കും. ബർട്ട് അഭിനയിച്ച 'ക്രോക്കഡൈൽ ഡണ്ടി' എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഓസ്‌ട്രേലിയൻ ചിത്രമാണ്.