ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ശനിയാഴ്ച. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷമാണമാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചത്. എഐസിസി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മന്‍മോഹന്‍ സിങിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ ഏഴ് ദിവസം ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 11 ന് മന്ത്രിസഭാ യോഗം ചേരും.
ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ രാജ്യത്തിന്റെ സമ്പൂര്‍ണ ബഹുമതികളോടെ നടത്തും. കോണ്‍ഗ്രസ് അടുത്ത ഏഴ് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് പാര്‍ട്ടി പരിപാടികള്‍ പുനരാരംഭിക്കും. ഈ ദിവസങ്ങളില്‍ പാര്‍ട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.
ഇന്നലെ രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദേഹത്തെ ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്കെത്തിയിരുന്നു. പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദരമര്‍പ്പിച്ചു.