ന്യൂഡല്‍ഹി: ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി
രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ വളരെയധികം ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്‌സില്‍ കുറിച്ചു. ധനമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ പദവികളില്‍ അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം നമ്മുടെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ ഇടപെടലുകള്‍ എപ്പോഴും ദീര്‍ഘവീക്ഷണമുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദേഹം ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ വികാരാധീനനായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. സാമ്പത്തിക ഉദാരവല്‍കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും കോടിക്കണത്തിന് ജനങ്ങളുടെ ജീവിതം അദേഹം മാറ്റിമാറിച്ചിട്ടുണ്ടെന്ന് അദേഹം അനുശോചന കുറിപ്പില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി
അപാരമായ സാമര്‍ഥ്യത്തോടെയും സമഗ്രതയോടെയുമാണ് മന്‍മോഹന്‍ സിങ് ഇന്ത്യയെ നയിച്ചതെന്ന് രാഹുല്‍ ഗാന്ധി. അദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനമായെന്നും തനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ തന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. അദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിനാളുകള്‍ മന്‍മോഹന്‍ സിങിനെ അഭിമാനത്തോടെ ഓര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പ്രിയങ്ക ഗാന്ധി
രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. അദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളിളുടെ അന്യായമായ ആക്രമണങ്ങള്‍ക്ക് വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ അദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു അദേഹമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു
മന്‍മോഹന്‍ സിങ്ജി അക്കാഡമിക രംഗത്തും ഭരണ രംഗത്തും ഒരുപോലെ കഴിവുതെളിയിച്ച അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കി. രാഷ്ട്രത്തിനായുള്ള അദേഹത്തിന്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതംകൊണ്ടും അങ്ങേയറ്റത്തെ വിനയംകൊണ്ടും അദേഹം എന്നും ഓര്‍മ്മിക്കപ്പെടും.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍
മന്‍മോഹന്‍ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ശില്‍പിയെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍.
കെ. സുധാകരന്‍
അദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു. ഇന്ത്യയെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദേഹംമെന്നും കെ. സുധാകരന്‍ പറഞ്ഞു.
ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിങ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നുവെന്നും അദേഹം കുറിച്ചു.
കെ.സി.വേണുഗോപാല്‍
മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
ഇന്നത്തെ ഇന്ത്യ. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളുടെ കാലത്തും 33 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതത്തിലും മന്‍മോഹന്‍ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്‌തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.
ധനമന്ത്രിയായിരുന്നപ്പോള്‍ അദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങള്‍ക്ക് പ്രധാനമന്ത്രിയായപ്പോള്‍ വെള്ളവും വളവും നല്‍കി ഇന്ത്യന്‍ വിപണിയുടെ ശക്തി വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം പിന്നോക്ക സംവരണം, കര്‍ഷകരുടെ തിരിച്ചടയ്ക്കാന്‍ പറ്റാത്ത കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍, ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കാന്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മന്‍മോഹന്‍ സര്‍ക്കാരുകളുടേതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.