കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.
എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ദുരന്ത ബാധിതര്‍ക്ക് ആശ്വാസമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പ്രഖ്യാപിച്ചത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.
നിയമ പ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കണം. ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.
നാളെ മുതല്‍ സര്‍ക്കാരിന് ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡും എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം ടൗണ്‍ഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ കരട് പട്ടികയ്‌ക്കെതിരെ വ്യാപക പരാതി നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവോടെ തുടര്‍ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതര്‍.