ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി ജയില്‍ ശിക്ഷയും കനത്ത പിഴയും; കേന്ദ്ര തീരുമാനം ഉടന്‍

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി ജയില്‍ ശിക്ഷയും കനത്ത പിഴയും; കേന്ദ്ര തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ദേശീയ ചിഹ്നം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍, പേരുകള്‍, ചിഹ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിലവിലെ നിയമ പ്രകാരം ദേശീയ ചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തല്‍.

ദേശീയ ചിഹ്നവും മറ്റും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് നിലവിലുള്ള രണ്ട് നിയമങ്ങള്‍ ചേര്‍ത്തുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നത്. 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ 1950 ലെ എംബ്ലങ്ങളും പേരുകളും എന്നീ നിയമങ്ങള്‍ ലയിപ്പിച്ച് ഒരു വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാകുമോയെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ മന്ത്രിതല യോഗത്തില്‍ നടന്നത്. ആദ്യതവണ കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് 2019 ല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.