നയ്പിറ്റോ: മ്യാന്മറിലെ മാന്‍ഡലില്‍ പട്ടാള അട്ടിമറിയ്ക്കെതിരെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര് മരിച്ചു. പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റു. നൂറിലധികം സേനാംഗങ്ങളാണ് മാന്‍ഡലില്‍ എത്തിയത്.
പൊലീസിനെ കണ്ട ജനങ്ങള്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. പ്രദേശത്ത് നിന്ന് പോകാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് റബര്‍ ബുള്ളറ്റുകളും സ്ലിംഗ്ഷോട്ട് ബോളുകളും ഉപയോഗിച്ച് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മ്യാന്മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാന്ഡലെയിലായിരുന്നു പ്രതിഷേധം.
മാന്‍ഡലെയിലെ യാദനാര്‍ബന്‍ ഷിപ്പ് യാര്‍ഡില്‍ പ്രതിഷേധക്കാരെ തടയാന്‍ വലിയ പോലീസ് സന്നാഹവും സൈന്യവും നിലയുറപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണ് മ്യാന്മറില് സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം വീണ്ടും അധികാരം പിടിച്ചത്. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.