ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മൃതദേഹം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. ഡൽഹിയിലെ ഔദ്യോഗിക വസതിയിലുള്ള മൃതദേഹം രാവിലെ എ ഐ സി സി ആസ്ഥാനത്ത് എത്തിക്കും. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ 12 മണിയോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം.
മൻമോഹൻ സിങിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായി, മാലിദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് തുടങ്ങിയ നിരവധി ലോകനേതാക്കൾ മുൻ പ്രധാനമന്ത്രിക്ക് അനുശോചനം രേഖപ്പെടുത്തി.