ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 മരണം

ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 മരണം

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങിനിടെ വിമാനം തകര്‍ന്ന് 29 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ ആയിരുന്നു അപകടം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം രാവിലെ ഒന്‍പതോടെയാണ് വിമാനം തകര്‍ന്ന് വീണത്. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ച് തകരുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തീ അണച്ചശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയായി വിമാനത്താവളത്തിലെ എമര്‍ജന്‍സി ഓഫീസ് അറിയിച്ചു.

അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നതും തീപടിച്ചതും കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.