വാഷിങ്ടൺ: സ്വന്തം ജീവൻ ബലിനൽകി ഡൗൺ സിൻഡ്രോം ബാധിതനായ മകനെ രക്ഷിച്ച വിർജീനിയ സ്വദേശിയായ ടോം വാണ്ടർ വൂഡിന് മരണാനന്തര ബഹുമതിയായി 'വിശുദ്ധ ജിയന്ന മോള പ്രോ-ലൈഫ് അവാർഡ്' സമ്മാനിക്കും.
19 വയസുള്ള ഡൗൺ സിൻഡ്രോം ബാധിതനായ മകൻ ജോസഫ് സെപ്റ്റിക് ടാങ്കിൽ വീണപ്പോൾ ഒരല്പം പോലും ആലോചിക്കാതെ ടോം ടാങ്കിലേക്ക് എടുത്തു ചാടി. വിഷവാതകം ശ്വാസം മുട്ടിക്കുമ്പോഴും മകനെ ജീവിതത്തിലേക്ക് തള്ളിക്കയറ്റാൻ ആ പിതാവിന് കഴിഞ്ഞു. എന്നാൽ ഏഴ് മക്കളുടെ അപ്പനായ ടോമിന് ഈ ധീരമായ രക്ഷാപ്രവർത്തനത്തിൽ സ്വന്തം ജീവൻ നഷ്ടമായി.
ഗർഭസ്ഥ ശിശുക്കൾക്ക് ഡൗൺ സിൻഡ്രോം ആണെന്നറിഞ്ഞാൽ അവരെ ഇല്ലാതാക്കുന്ന ഈ ലോകത്ത് സ്വന്തം ശ്വാസകോശത്തിൽ വിഷവാതകം നിറയുമ്പോഴും മകനെ ജീവനിലേക്ക് കൈപിടിച്ച് കയറ്റിയ ടോമിന്റെ ത്യാഗം വേറിട്ടുനിൽക്കുന്നു.
2026 ജനുവരി 24 ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന വെസ്റ്റ് കോസ്റ്റ് വാക്ക് ഫോർ ലൈഫ് പരിപാടിയിൽ വെച്ച് 'പ്രോ-ലൈഫ് ഹീറോയിസത്തിനുള്ള സെന്റ് ജിയാന മോള അവാർഡ്' ടോം വാണ്ടർ വൂഡിന് സമർപ്പിക്കും.
"വർഷങ്ങൾക്ക് മുമ്പ് ടോമിന്റെ കഥ കേട്ടപ്പോൾ ആ പിതാവിന് തന്റെ കുട്ടിയോടുള്ള സ്നേഹം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു," വെസ്റ്റ് കോസ്റ്റ് വാക്ക് ഫോർ ലൈഫിന്റെ സഹ-ചെയർപേഴ്സൺ ഡോളോറസ് പറഞ്ഞു. "മകന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന വസ്തുത അദേഹത്തിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും കഥ കൂടുതൽ പ്രധാനപ്പെട്ടതാക്കുന്നു."- ഡോളോറസ് കൂട്ടിച്ചേർത്തു.
മനുഷ്യ ജീവന്റെ പവിത്രതയെ ബഹുമാനിക്കാനും സംരക്ഷിക്കാനും തന്റെ പിതാവ് ആഴത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് അദേഹത്തിന്റെ മകൻ ക്രിസ് വാണ്ടർ വൂഡ് ഓർമ്മിക്കുന്നു.
കൊടും തണുപ്പിലും മഴയിലും ജീവന്റെ സംരക്ഷണത്തിനായി നടത്തിയിരുന്ന മാർച്ചുകളിൽ ടോം സ്ഥിരമായി പങ്കെടുത്തിരുന്നു. നിഷ്കളങ്കരായ ഗർഭസ്ഥശിശുക്കളുടെ ജീവിക്കാനുള്ള അവകാശത്തിനായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയ അദേഹം കഴിയുന്നത്ര കുടുംബാംഗങ്ങളെ ഇത്തരം മാർച്ചുകളിൽ പങ്കെടുപ്പിച്ചു. ഒരു കർഷകനായും വാണിജ്യ പൈലറ്റായും ജോലി ചെയ്തിരുന്ന ടോം തന്റെ കുടുംബത്തിനും വിശ്വാസത്തിനും ഒപ്പം 'പ്രോ-ലൈഫ്' വിശ്വാസങ്ങൾക്കും വേണ്ടി സമയം കണ്ടെത്തി.
അടച്ചുപൂട്ടിയ ഒരു ഗർഭച്ഛിദ്ര ക്ലിനിക്കിന് പുറത്ത് ടോമും ഭാര്യയും പതിവായി ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. ഓരോ കുട്ടിയും ഒരനുഗ്രഹമാണെന്നും വിശുദ്ധരെ വളർത്തുകയാണ് മാതാപിതാക്കളുടെ ദൗത്യമെന്നും സ്വന്തം ജീവൻ നൽകി സാക്ഷ്യം പറഞ്ഞ ടോമിന്റെ ജീവിതം ജീവനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കാൻ അനേകർക്ക് പ്രേരണയാകട്ടെ.