'കേരളത്തോടുളള സ്നേഹം ആജീവനാന്തം ഹൃദയത്തില്‍ സൂക്ഷിക്കും'; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍

'കേരളത്തോടുളള സ്നേഹം ആജീവനാന്തം ഹൃദയത്തില്‍ സൂക്ഷിക്കും'; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തോടുളള സ്നേഹം ആജീവനാന്ത കാലം ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണല്ലോ മടക്കമെന്ന ചോദ്യത്തിന് കേരളം വിടുന്ന ഈ ഘട്ടത്തില്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് അദേഹം പറഞ്ഞു.

'ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലത് വരട്ടെ'- മലയാളത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യ മുഴുവന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടപറഞ്ഞ ദുഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതിരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. 'എന്റെ ഹൃദയത്തില്‍ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിനോടുളള എന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല. ഇത് ഞാന്‍ തുടരും. എല്ലാവര്‍ക്കും ആശംസകള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ല. ഞാന്‍ എന്റെ ഉത്തരവാദിത്തമാണ് നിര്‍വ്വഹിച്ചത്. സര്‍ക്കാരിനും ആശംസകള്‍. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ നന്‍മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.