തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ പാളയം വാന്റോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടല്‍ അരോമയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു . കഴിഞ്ഞ 19 നാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. നടന്‍ മുറിവിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം.
മുറിക്കുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുമെന്നും കന്റോണ്‍മെന്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോര്‍ട്ടത്തിലെ വ്യക്തമാകൂ. ചാപ്പാ കുരിശ്, ഏഴ് സുന്ദര രാത്രികള്‍, കല്ലുകൊണ്ടൊരു പെണ്ണ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം നിരവധി സീരിയലിലും അഭിനയിച്ചിട്ടുണ്ട്.