കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ നൃത്ത പരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ്. അര മണിക്കൂര്‍ മുന്‍പാണ് അപകടമുണ്ടായത്.
സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലേക്ക് കയറുന്നതിനിടെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.
വീഴ്ചയില്‍ ഗ്യാലറിയുടെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി ഉമാ തോമസിന്റെ തലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.