കാട്ടാന ആക്രമണത്തിൽ മരിച്ച അമറിൻ്റെ മൃതദേഹം ഖബറടക്കി; ചുള്ളിക്കണ്ടം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

കാട്ടാന ആക്രമണത്തിൽ മരിച്ച അമറിൻ്റെ മൃതദേഹം ഖബറടക്കി; ചുള്ളിക്കണ്ടം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ ഖബറക്കി. കഴിഞ്ഞ ദിവസം തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയെ (22) കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.

മുള്ളരിങ്ങാട് കാട്ടാന ശല്യം ഒഴിവാക്കാൻ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടുംബത്തിന് സഹായധനം കൈമാറിയിട്ടുണ്ട്. അടുത്ത ഗഡു ഉടൻ തന്നെ കൈമാറും. പ്രദേശത്ത് ആർആർടിക്ക് ഉടൻ തീരുമാനമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാട്ടാന ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികളും മതനേതാക്കളും നാട്ടുകാരും സംയുക്തമായി നടത്തുന്ന ജനകീയ മാർച്ച് ആരംഭിച്ചു. ചുള്ളിക്കണ്ടം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടത്തുന്നത്. ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഹർത്താലാണ്.

മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.