കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍; റിപ്പോര്‍ട്ട് തേടി

 കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍; റിപ്പോര്‍ട്ട് തേടി

തൊടുപുഴ: ഇടുക്കി മുള്ളരിങ്ങാട് അമയത്തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇന്നലെയാണ് അമര്‍ ഇലാഹി എന്ന ഇരുപത്തിരണ്ടുകാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടിരിരിക്കുന്നത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് അമര്‍ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.