ഷില്ലോങ്: മേഘാലയയില്‍ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ച് കയറി മൈക്കിലൂടെ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലി സോഷ്യല്‍ മീഡിയ വ്‌ളോഗര്‍. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആകാശ് സാഗര്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.
മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം മുഴക്കിയത്. ഹൈന്ദവ ഗീതങ്ങളും ഇയാള്‍ ചൊല്ലി. മാത്രമല്ല, ദേവാലയത്തില്‍ അതിക്രമിച്ച് കയറി നടത്തിയ അതിക്രമം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോയായി ഇയാള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് വിളിക്കുകയുമായിരുന്നു. ക്രൈസ്തവ ഭക്തി ഗാനങ്ങള്‍ വക്രീകരിച്ച് പാടിയെന്നും റിപ്പോര്‍ട്ടുണ്ട്.
15 ലക്ഷം ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഷില്ലോങിലെ ആക്ടിവിസ്റ്റായ ഏഞ്ചല രങ്ങാട് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ അപലപിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ രംഗത്ത് വന്നിട്ടുണ്ട്.
ജനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹികവും മതപരവും സാമുദായികവുമായ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ തള്ളി പറഞ്ഞ് ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.