സ്വകാര്യ വിവരങ്ങള്‍ ചോരാം; ഉടന്‍ അപ്ഡേറ്റ് ചെയ്യുക: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

സ്വകാര്യ വിവരങ്ങള്‍ ചോരാം; ഉടന്‍ അപ്ഡേറ്റ് ചെയ്യുക: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസരമായി കണ്ട് ഹാക്കര്‍മാര്‍ ഉപയോക്താക്കളെ സൈബര്‍ തട്ടിപ്പിന് ഇരയാക്കിയേക്കാം.

അപകട സാധ്യത ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ തന്നെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി.

വിന്‍ഡോസ്, മാക് എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204/.205 ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന, 131.0.6778.204-ന് മുമ്പുള്ള ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് അപകട സാധ്യത.

ഈ ബ്രൗസറുകള്‍ക്കാണ് സുരക്ഷാ വീഴ്ച ഉള്ളത്. അതിനാല്‍ ഉയര്‍ന്ന അപകട സാധ്യതയാണ് കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്. സുരക്ഷാ പിഴവ് കാരണം ഡെസ്‌ക്ടോപ്പിനായി ഈ വേര്‍ഷനുകളിലുള്ള ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളുടെയും പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി- ഇന്‍ നിര്‍ദ്ദേശിക്കുന്നു. വിന്‍ഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204/.205 ലേക്കും ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ 131.0.6778.204 ലേക്കും ബ്രൗസറിനെ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.