ഇംഫാല്‍: മണിപ്പൂരിലെ വംശീയ കലാപത്തില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് പുതുവര്‍ഷ തലേന്ന് മാധ്യമങ്ങളെ കണ്ട ബിരേന്‍ സിങ് പറഞ്ഞു.
വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പുതു വര്‍ഷത്തില്‍ മണിപ്പൂര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യാശ മുഖ്യമന്ത്രി പങ്കുവച്ചു.
'കഴിഞ്ഞ മെയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടു പോകേണ്ടി വന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഖമുണ്ട്. ഞാന്‍ മാപ്പ് ചോദിക്കുന്നു.
എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
സംഭവിച്ചതെല്ലാം സംഭവിച്ചു. കഴിഞ്ഞ തെറ്റുകള്‍ പരസ്പരം ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനപരവും സമൃദ്ധവുമായ മണിപ്പൂരിലേക്ക് നമുക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാം. സംസ്ഥാനത്തെ 35 ഗോത്രങ്ങളും ഒരുമിച്ച് ഐക്യത്തോടെ ജീവിക്കണമെന്നും ബിരേന്‍ സിങ് അഭ്യര്‍ത്ഥിച്ചു.
മാസങ്ങള്‍ നീണ്ട മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികളൊന്നും മുഖ്യമന്ത്രിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. കലാപത്തില്‍ ഇരുനൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനം സന്ദര്‍ശിക്കാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളും ബിജെപിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.