ന്യൂഡല്‍ഹി: മുഖ്യമന്ത്രി അതിഷിക്കും ആംആദ്മി എം.പി സഞ്ജയ് സിങിനുമെതിരേ മാനനഷ്ടക്കേസ് നല്‍കി സന്ദീപ് ദിക്ഷിത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന സന്ദീപ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടേ തള്ളിയിരിക്കുകയാണ്.
തനിക്കെതിരെ അപവാദം പറഞ്ഞുപരത്തിയതില്‍ ആം ആദ്മി മുഖ്യമന്ത്രി അതിഷിക്കും രാജ്യസഭാ എം.പി സഞ്ജയ് സിങിനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സന്ദീപ് വ്യക്തമാക്കിയത്. ബി.ജെ.പിയില്‍ നിന്നും സന്ദീപ് പണം കൈപ്പറ്റിയെന്നായിരുന്നു അതിഷിയുടെയും സഞ്ജയ് സിങിന്റെയും ആരോപണം. വരാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും കെജ്രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദിക്ഷിത് അതിഷിയുടെ ആരോപണത്തെ അതിശക്തമായി എതിര്‍ത്തിരുന്നു.