തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. ഇതു വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് അംഗീകാരം നല്‍കിയത്. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ രൂപകല്‍പന നടത്തിയിരിക്കുന്നത് കിഫ്ബിയാണ്. വിശദ വിവരങ്ങള്‍ വൈകുന്നേരം മൂന്നരയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി വ്യക്തമാക്കും.
50 വീടുകളില്‍ കൂടുതല്‍ നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചവരുമായി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. കര്‍ണാടക സര്‍ക്കാരിന്റെയും രാഹുല്‍ഗാന്ധിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.