വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

വിലങ്ങാട് ഉരുള്‍പൊട്ടല്‍: ദുരന്ത ബാധിതര്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ വീതം ലഭിക്കും. വയനാട്ടില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിനുള്ളില്‍ വീട് ആവശ്യമില്ലാത്തവര്‍ക്ക് പുറത്ത് വീട് വെച്ച് താമസിക്കാനും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതേ തുക തന്നെയാണ് വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കും നല്‍കുക. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ ഇരയായവര്‍ക്ക് മാത്രമാണ് ഈ തിരുമാനം ബാധകമാവുക.

വയനാട്ടില്‍ പുനരധിവാസം ആവശ്യമുള്ള അഞ്ച് ഗോത്ര കുടുംബങ്ങള്‍ക്ക് അവരുടെ താല്‍പര്യം അനുസരിച്ചുള്ള പുനരധിവാസം ഏര്‍പ്പെടുത്തും. ഇതില്‍ നാല് കുടുംബങ്ങള്‍ ടൗണ്‍ഷിപ്പ് തന്നെ തിരഞ്ഞെടുത്തുവെന്നാണ് വിവരം. ടൗണ്‍ഷിപ്പിനുള്ളില്‍ ലഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്ക് ലഭിക്കുമെങ്കിലും സ്ഥലം വില്‍പന നടത്തുന്നത് തല്‍ക്കാലത്തേക്ക് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് പുനരധിവാസ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സിഎംഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സ്പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ ഫണ്ട്, കേന്ദ്ര സഹായം എന്നിവ ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി വിനിയോഗിക്കും.

ഗുണഭോക്താക്കളുടെ കണക്കുകള്‍ ശേഖരിക്കുമ്പോള്‍ വീട് തകര്‍ന്ന് പോയവര്‍ക്കാണ് ആദ്യ മുന്‍ഗണന നല്‍കുക. ദുരന്ത മേഖലയില്‍ വാസയോഗ്യമല്ലാത്തയിടങ്ങളില്‍ വീടുള്ളവരെ രണ്ടാമത് പരിഗണിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഗുണഭോക്താക്കളെ കണ്ടെത്തുകയെങ്കിലും ഒരുമിച്ചാവും ഇവരുടെ പുനരധിവാസമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.