ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തെ 16 തവണ വരവേറ്റ് സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍. സുനിത ഉള്‍പ്പടെ 72 പേരാണ് ഇപ്പോള്‍ ബഹിരാകാശത്തുള്ളത്. ഇവര്‍ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും ആണ് കാണാനാവുക.
ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോ മീറ്റര്‍ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്). ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണ ശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും.
മണിക്കൂറില്‍ 28,000 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ബഹിരാകാശ നിലയത്തിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയങ്ങള്‍. ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെ വിഡിയോയും മുന്‍പ് നാസ പുറത്തു വിട്ടിരുന്നു.
2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനര്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ഭൂമിയില്‍ നിന്നു പോയ സുനിതയും സഹ പ്രവര്‍ത്തകന്‍ ബുച്ച് വില്‍മോറും സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സുനിത ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.