ജയ്പൂര്‍: പത്ത് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴല്‍ കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. പുറത്തെടുത്ത ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ കോട്ട്പുത്ലിക്കടുത്ത കിരാത്പുരയിലാണ് സംഭവം.
അവസാന മണിക്കൂറുകളില്‍ ആവശ്യത്തിന് ഓക്സിജന്‍ പോലും നല്‍കാന്‍ സാധിക്കാതെ വന്നതോടെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിലെ മന്ദഗതിയെ വിമര്‍ശിച്ച് കുട്ടിയുടെ അമ്മ ധോളി ദേവി രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 23 നാണ് കൃഷി സ്ഥലത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരി ചേതന കുഴല്‍ കിണറില്‍ വീണത്. കുഴല്‍ കിണറിന് 700 അടി താഴ്ചയുണ്ടായിരുന്നു. 150 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്. പൊലീസിന്റെയും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്‌നിരക്ഷാ സേന ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം നടന്നത്.
ആദ്യം ഇരുമ്പ് ദണ്ഡില്‍ കുട്ടിയുടെ വസ്ത്രം കുരുക്കി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇത് വിഫലമായി.തുടര്‍ന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയും മണ്ണിനടിയിലെ കൂറ്റന്‍ പാറകളും രക്ഷാ പ്രവര്‍ത്തനം കഠിനമാക്കിയിരുന്നു.