കലാ കായിക മേളകളില്‍ പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍; വിദ്യാര്‍ഥികളെ ഇറക്കിയാല്‍ അധ്യാപകര്‍ക്കെതിരെ നടപടി

കലാ കായിക മേളകളില്‍ പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍; വിദ്യാര്‍ഥികളെ ഇറക്കിയാല്‍ അധ്യാപകര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കലാ കായിക മേളകളില്‍ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ രംഗത്ത് വന്നത്. കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. വരും വര്‍ഷങ്ങളിലെ മേളയില്‍ പ്രതിഷേധങ്ങള്‍ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വകുപ്പുതല നടപടി. പ്രതിഷേധിച്ച സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിരുനാവായ നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് പേര്‍ക്കും കോതമംഗലം മാര്‍ ബേസിലിലെ രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

സമ്മാനം ലഭിച്ചാല്‍ മികച്ച ജഡ്ജ്‌മെന്റെന്നും ഇല്ലെങ്കില്‍ മോശം ജഡ്ജ്‌മെന്റെന്നുമുള്ള പ്രവണത മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും സമ്മാനം ലഭിച്ചോ ഇല്ലയോ എന്നതല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും വ്യക്തമാക്കി.

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9:30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയില്‍ ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.