വിശുദ്ധ കുര്‍ബാനയ്ക്കിടെ ഗാസ അനുകൂല മുദ്രാവാക്യം; പള്ളികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പിന് കത്തയച്ച് മലയാളി യുവാവ്

വിശുദ്ധ കുര്‍ബാനയ്ക്കിടെ ഗാസ അനുകൂല മുദ്രാവാക്യം; പള്ളികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളുമായി പെര്‍ത്ത് ആര്‍ച്ച് ബിഷപ്പിന് കത്തയച്ച് മലയാളി യുവാവ്

പെര്‍ത്ത്: പെര്‍ത്തിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ അതിക്രമിച്ചു കയറിയ മുസ്ലിം യുവാവ് വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയ്ക്കു മുന്നില്‍ മുദ്രാവാക്യം വിളിച്ച സംഭവം സഭാ തലത്തില്‍ ചര്‍ച്ചയാകുന്നു. സംഭവം പുറത്തറിഞ്ഞതോടെ ദേവാലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് വിശ്വാസികള്‍ പങ്കുവയ്ക്കുന്നത്. പെര്‍ത്തിലെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദേവാലയമാണ് സെന്റ് മേരീസ് കത്തീഡ്രല്‍. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പോലും നഗരമധ്യത്തിലെ ദേവാലയത്തിലുണ്ടായ സംഭവം ഇനിയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് വിശ്വാസികള്‍.

പുതുവല്‍സര ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് ദേവാലയത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവമുണ്ടായത്. ഗാസയ്ക്ക് അനുകൂലമായി മുദ്രവാക്യം ഉയര്‍ത്തിയാണ് ഇതര മതസ്ഥനായ യുവാവ് അള്‍ത്താരയ്ക്കു മുന്നിലെത്തിയത്. പുതുവര്‍ഷ ദിനമായതിനാല്‍ മലയാളികള്‍ അടക്കം നിരവധി വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇത്തരം അസ്വാഭാവിക സാഹചര്യങ്ങള്‍ ഒഴിവാക്കാനും ദേവാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനുമുള്ള പ്രായോഗിക നിര്‍ദേശങ്ങളുമായി കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്‌ട്രേലിയന്‍ മലയാളിയായ ജസ്റ്റിന്‍ ജേക്കബ് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോയ്ക്ക് കത്ത് അയച്ചിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിന്റെ കത്തിന് പ്രസക്തി ഏറുകയാണ്. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ ഐ.എച്ച്.എന്‍.എയില്‍ കാമ്പസ് മാനേജരാണ് ജസ്റ്റിന്‍. പെര്‍ത്ത് ആര്‍ച്ച് ബിഷപ്പിന് ജസ്റ്റിന്‍ നല്‍കിയ കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

നമ്മുടെ ദേവാലയങ്ങളില്‍ ആരാധനയുടെ സമയത്തുണ്ടാകുന്ന സുരക്ഷാ ഭീഷണികള്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കാനാണ് ഈ കത്ത് എഴുതുന്നത്. കഴിഞ്ഞ ദിവസം പെര്‍ത്തിലെ പ്രശസ്തമായ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഒരാള്‍ അസ്വാഭാവികമായ പെരുമാറ്റത്തോടെ പ്രവേശിച്ച് വൈദികനെ സമീപിക്കുന്ന ഒരു സംഭവത്തിന് ഞാന്‍ സാക്ഷിയായി, ഭാഗ്യവശാല്‍, ഗുരുതരമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഈ സംഭവം, വിവിധ ആരാധാനാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന സമയത്ത് സഭാ വിശ്വാസികളുടെയും വൈദികരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

വിശുദ്ധ കുര്‍ബാനയുടെ സമയത്ത് പള്ളികള്‍ തുറന്നിരിക്കും, പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രവേശനം അനുവദിക്കുന്നു. പെര്‍ത്തിലെ കത്തീഡ്രല്‍ പള്ളിയില്‍ ആരാധനാ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നത് പ്രശംസനീയമാണെങ്കിലും, എല്ലാ പള്ളികളിലും അത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ചില നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

വിശുദ്ധ കുര്‍ബാന ആരംഭിച്ചതിന് ശേഷം പള്ളിയുടെ വാതിലുകള്‍ അകത്ത് നിന്ന് പൂട്ടുന്ന ഒരു സംവിധാനം നടപ്പാക്കുന്നത് പരിഗണിക്കുക. ഇതിലൂടെ അനധികൃതമായി പ്രവേശിക്കുന്നത് തടയാം. എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടാവുകയും വേണം.

വിശുദ്ധ കുര്‍ബാന ആരംഭിച്ചതിന് ശേഷം 10-15 മിനിറ്റ് കൂടി പ്രവേശനം അനുവദിക്കുക. ഇത് സമയനിഷ്ഠയെ പ്രോത്സാഹിപ്പിക്കും. ഈ നടപടികള്‍ ആരാധനാ സമയത്ത് സഭയുടെയും വൈദികരുടെയും സുരക്ഷ വര്‍ധിപ്പിക്കും. ഒപ്പം പങ്കെടുക്കുന്നവര്‍ക്കിടയില്‍ കൂടുതല്‍ ബഹുമാനവും സമയനിഷ്ഠയും വളര്‍ത്തിയെടുക്കുകയും ചെയ്യും.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ക്ഷേമത്തിനായി ഈ സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.