വനനിയമ ഭേദഗതിയില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കും

വനനിയമ ഭേദഗതിയില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കും

തിരുവനന്തപുരം: പ്രതിഷേധം കടുത്തതോടെ വന നിയമ ഭേദഗതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥ പിന്‍വലിക്കും.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ. ഇത് ബില്ലില്‍ ഉണ്ടാകില്ല.

എന്നാല്‍ ഉയര്‍ന്ന പിഴ തുകയടക്കം ഉള്‍പ്പെടുത്തുന്നതില്‍ പിന്നോട്ടില്ല എന്നാണ് വനം വകുപ്പിന്റെ നിലപാട്. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് തിരുത്തല്‍ വരുത്തി ബില്‍ അവതരിപ്പിക്കുമെന്നായിരുന്നു വനംമന്ത്രി പറഞ്ഞിരുന്നത്.

ഡിസംബര്‍ 31 ന് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിച്ചിരുന്നു. നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ ഉള്ളടക്കം പരിശോധിച്ച് ക്രോഡീകരിക്കുകയാണ് വനം വകുപ്പ്. എന്നാല്‍ ബില്ലില്‍ ഒരു വ്യവസ്ഥയില്‍ മാത്രം തിരുത്തല്‍ വരുത്താനാണ് നിലവിലെ ആലോചന.

വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വ്യവസ്ഥയാണ് വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. ഇത് പിന്‍വലിക്കും.

വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാക്കുന്നതും കൈകാലുകള്‍ എന്നിവ തകര്‍ക്കുന്നത് നിരോധിക്കുന്നതുമായ വ്യവസ്ഥകള്‍ ബില്ലില്‍ നിന്ന് പിന്‍വലിക്കാന്‍ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ല. നിലവില്‍ ലഭിച്ചിരിക്കുന്ന പരാതികള്‍ ക്രോഡീകരിച്ച് എട്ടിന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ആണ് ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.