ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി ശ്വസന സംബന്ധമായ സാധാരണ പ്രശ്നം: ആശങ്കവേണ്ടെന്ന് ഡിജിഎച്ച്എസ്

 ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി ശ്വസന സംബന്ധമായ സാധാരണ പ്രശ്നം: ആശങ്കവേണ്ടെന്ന് ഡിജിഎച്ച്എസ്

ന്യൂഡല്‍ഹി: ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ എച്ച്.എം.പി.വി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസന പ്രശ്നം മാത്രമാണിതെന്നും ഡിജിഎച്ച്എസിലെ ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഡോ.അതുല്‍ ഗോയല്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദേഹം വ്യക്തമാക്കി.

എച്ച്.എം.പി.വി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം വന്നത്.

ചൈനയില്‍ മെറ്റാന്യൂമോവൈറസ് പൊട്ടിപ്പുറപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്. വളരെ പ്രായമായവരിലും വളരെ പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ. അതുല്‍ ഗോയല്‍ വ്യക്തമാക്കി.

രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ച വ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ട്. 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. തങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് വലിയ അളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഇല്ല. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു.

പൊതുജനങ്ങളോട് പറയാനുള്ളത് എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്. അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക. നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല അതുല്‍ ഗോയല്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.