കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജനുവരി ഏഴിന് പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കും.
2005 ഒക്ടോബര്‍ അഞ്ചിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകരായ പത്ത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടയില്‍ മരിച്ചിരുന്നു.
കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്ത് വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന് വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊല്ലുകയായിരുന്നു. റിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കേസില്‍ 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.