മറൈന്‍ ഡ്രൈവ് ഫ്‌ളവര്‍ ഷോയിലെ അപകടം; സംഘാടകര്‍ക്കെതിരെ കേസ്

 മറൈന്‍ ഡ്രൈവ് ഫ്‌ളവര്‍ ഷോയിലെ അപകടം; സംഘാടകര്‍ക്കെതിരെ കേസ്

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോയില്‍ ഉണ്ടായ അപകടത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കി എന്നുമായിരുന്നു പരാതി.

ഫ്‌ളവര്‍ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിനിയായ ബിന്ദുവിനാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വീണ് പരിക്കേറ്റത്. ഫ്‌ളവര്‍ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയില്‍ തെന്നി വീണ് ബിന്ദുവിന്റെ കൈയ്ക്ക് രണ്ട് ഒടിവുണ്ടായി. പവിലിയനില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വരുന്നവര്‍ക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകള്‍ പവിലിയനില്‍ മൊത്തം നിരത്തിയത്.

ബിന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നല്‍കിയിരുന്നു. എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജിസിഡിഎയും ചേര്‍ന്നാണ് മറൈന്‍ ഡ്രൈവില്‍ കൊച്ചി ഫ്‌ളവര്‍ ഷോ 2025 സംഘടിപ്പിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ പരിപാടികള്‍ക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളവര്‍ ഷോ ഉടന്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.