അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെ പോര്‍ബന്തറിലാണ് സംഭവം.
രണ്ട് പൈലറ്റുമാരും ഒരു സഹായിയുമാണ് മരിച്ചത്. സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്ടര്‍ (എ.എല്‍.എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്നു വീണതിന് പിന്നാലെ ഹെലിക്കോപ്ടറിന് തീ പിടിച്ചു.
അപകട കാരണം വ്യക്തമല്ല. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്താവളത്തിലെ എയര്‍ എന്‍ക്ലേവിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
മറ്റൊരു കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടം. കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്ടറുകള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് ചില സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇതേ തുടര്‍ന്ന് വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക് ഹെലിക്കോപ്ടറുകള്‍ വിധേയമാക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും 325 എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്ടറുകളാണ് ഉപയോഗിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല.