തിരുവനന്തപുരം: ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആട് ജീവിതം 97-ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 25 സിനിമകളാണ് പട്ടികയിലുള്ളത്. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും.
സാധാരണ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ അപൂര്‍വമായാണ് മികച്ച ചിത്രത്തിനുള്ള ജനറല്‍ കാറ്റഗറിയില്‍ ഒരു ഇന്ത്യന്‍ ചിത്രം പരിഗണിക്കുന്നത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12 വരെയാണ് വോട്ടിങ്.
വോട്ടിങ് ശതമാനം ഉള്‍പ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക. നേരത്തേ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല.
മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിനെ ബ്ലെസി ചിത്രമാക്കി മാറ്റിയപ്പോള്‍ അത് അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരമായി. ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടന്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്.