കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണ സംഖ്യ 95 ആയി. 130 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ന് രാവിലെ 6.35നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് പറയുന്നു.
ചൈനയിലെ ഷിഗാറ്റ്സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്ത് നിന്ന് 400 കിലോ മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി.
നേപ്പാളിന്റെ ഭൂപ്രകൃതിയാണ് അടിക്കടി അവിടെ ഭൂചലനത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പതിനായിരത്തോളം പേര്‍ മരിക്കുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.