പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ചെറുവിമാനം കടലില്‍ തകര്‍ന്നുവീണ് മൂന്ന് മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. റോട്ട്‌നെസ്റ്റ് ദ്വീപില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 65 വയസുള്ള സ്ത്രീയും ഡെന്മാര്‍ക്കില്‍ നിന്നുള്ള 60 വയസുള്ള പുരുഷനും 34 കാരനായ പ്രാദേശിക പൈലറ്റും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
സെസ്‌ന 208 കാരവാന്‍ 675 ജലവിമാനമാണ് തകര്‍ന്നത്. ഏഴ് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. താഴ്ന്ന് പറക്കുന്നതിനിടയില്‍ ചുണ്ണാമ്പ് കല്ലില്‍ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
ഏഴ് പേരുമായി തോംപ്‌സണ്‍ ബേയ്ക്ക് സമീപത്തായി ജലവിമാനം മുങ്ങുകയായിരുന്നു. പൈലറ്റ് അടക്കമുള്ളവര്‍ മുങ്ങിപ്പോയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലോപരിതലത്തില്‍ നിന്ന് 26 അടിയിലെറെ താഴ്ചയില്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിപ്പോയവരെ കണ്ടെത്തിയത്.
പെര്‍ത്തില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (18 മൈല്‍) പടിഞ്ഞാറായാണ് റോട്ട്‌നെസ്റ്റ് ദ്വീപ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
വിനോദസഞ്ചാരികള്‍ കണ്ട് നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലുണ്ടായിരുന്ന ജലവിമാനത്തിന്റെ ഭാഗങ്ങള്‍ ഇതിനോടകം നീക്കം ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. കടലില്‍ നിന്ന് രക്ഷിച്ച മൂന്ന് പേരെയും ഗുരുതര പരിക്കുകളോടെ പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.