ഡി.സി.സി ട്രഷററുടെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരെ അത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

ഡി.സി.സി ട്രഷററുടെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരെ അത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി

സുല്‍ത്താന്‍ ബത്തേരി: ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എല്‍.എയ്‌ക്കെതിരെ ചുമത്തിയത്. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍, അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ എന്നിവരും പ്രതികളാണ്. ഇതില്‍ കെ.കെ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ്.

എന്‍.എം വിജയന്‍ നല്‍കിയെന്ന് പറയപ്പെടുന്ന കത്തിന്റെ ആധികാരികത പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നായിരുന്നു പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. എന്‍.എം വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കത്തിന്റെ ഫോറന്‍സിക് പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല.

കത്തുമായി ബന്ധപ്പെട്ട് പൊലീസ് എന്‍.എം വിജയന്റെ കുടുംബത്തോട് ചില കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വിജയന്റെ കയ്യക്ഷരം ഉള്‍പ്പെടെയുള്ളവയെക്കുറിച്ചായിരുന്നു അന്വേഷണമെന്നാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.