ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ ചൈന നിര്‍മിത ഡ്രോണ്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അതീവ സുരക്ഷയുള്ള ജയിലില്‍ ഡ്രോണ്‍ കണ്ടെത്തിയത്.
30 മുതല്‍ 40 ഗ്രാം വരെ ഭാരമുള്ള ബ്ലാക്ക് ഡ്രോണ്‍ ജയിലിനുള്ളിലെ ബി ബ്ലോക്ക് കെട്ടിടത്തിന് സമീപത്ത് നിന്നാണ് ലഭിച്ചതെന്ന് ജയില്‍ സൂപ്രണ്ട് രാകേഷ് കുമാര്‍ ബാംഗ്രെ പറഞ്ഞു.
ഡ്രോണ്‍ സംസ്ഥാന പോലീസിന് കൈമാറി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഡ്രോണ്‍ ചൈനീസ് നിര്‍മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
151 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ജയിലില്‍ 3,600 തടവുകാരാണ് ഉള്ളത്. നിരോധിത സംഘടനയായ സിമി പ്രവര്‍ത്തകര്‍ അടക്കം 69 തടവുകാര്‍ ബി ബ്ലോക്ക് കെട്ടിടത്തില്‍ ഉണ്ട്. ജയില്‍ വകുപ്പ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
റിപ്പബ്ലിക് ദിനം അടുത്തതോടെ ജയില്‍ അധികൃതര്‍ അതീവ ജാഗ്രതയിലായിരുന്നു. ഡ്രോണ്‍ എവിടെ നിന്ന് വന്നു എന്നതും ഇതിന്റെ ഉദ്ദേശ്യവും വിശദമായി അന്വേഷിക്കുമെന്നും ബാംഗ്രെ മാധ്യമങ്ങളോട് പറഞ്ഞു.