കാനഡയുടെ പ്രധാനമന്ത്രിയാകാനും പാർലമെന്റിലേക്ക് മത്സരിക്കാനും ഇല്ല; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്‌

കാനഡയുടെ പ്രധാനമന്ത്രിയാകാനും പാർലമെന്റിലേക്ക് മത്സരിക്കാനും ഇല്ല; നിലപാട് വ്യക്തമാക്കി അനിത ആനന്ദ്‌

ഒട്ടാവ : ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിനുള്ള മത്സരത്തിനില്ലെന്ന് ഇന്ത്യന്‍ വംശജയും കാനഡയുടെ ഗതാഗത മന്ത്രിയുമായ അനിത ആനന്ദ്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് അനിതയുടെ പേരും സജീവമായിരുന്നു.

എന്നാല്‍ പാര്‍ലമെന്റിലേക്ക് തന്നെ മത്സരിക്കാനില്ലെന്നാണ് അനിത പറയുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി അക്കാദമിക മേഖലയിലേക്ക് മടങ്ങുകയാണെന്നും അവര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ടൊറന്റോ സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍ ആയിരുന്നു. അഭിഭാഷകയായും അനിത പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒൻ്റാറിയോയിലെ ഓക്ക്‌വില്ലിൽ നിന്നുള്ള എംപിയാണ് അനിത ആനന്ദ്.

കാബിനറ്റിലുണ്ടായിരുന്ന കാലത്ത് തന്നെ ഏല്‍പ്പിച്ച കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്ത് ഏവരാലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദേശീയ പ്രതിരോധ മന്ത്രി, ട്രഷറി ബോർഡ് പ്രസിഡൻ്റ് എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകള്‍ രാജ്യത്തിന് ചെയ്തിരുന്നു. അതുകൊണ്ടൊക്കെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കും അനിതയുടെ പേര് സജീവമായത്.

അതേസമയം ട്രൂഡോയുടെ രാജിയാണ് അനിതയെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്. കഴിയഞ്ഞയാഴ്ചയാണ് ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വി.എ സുന്ദരത്തിന്റെ മകന്‍ എസ്.വി. ആനന്ദിന്റെയും പഞ്ചാബുകാരിയായ സരോജ് രാമിന്റെയും മകളാണ് അനിത. ഡോക്ടര്‍ ദമ്പതികളായ ആനന്ദും സരോജും കാനഡയിലേക്ക് കുടിയേറുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.