തിരുവനന്തപുരം: അടുത്ത വര്‍ഷം ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തയക്കുമെന്നും 2035 ഓടെ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ സ്ഥാപിക്കുമെന്നും പുതിയ ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍.
ബഹിരാകാശ ദൗത്യങ്ങളില്‍ 2047 വരെ ഐഎസ്ആര്‍ഒയ്ക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും 2040 ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നും അദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എസ്. സോമനാഥിന് ശേഷം ഇന്ന് ഐഎസ്ആര്‍ഒ മേധാവിയായി ചുമതലയേറ്റ വി. നാരായണന്‍, ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായിരുന്നു.
മനുഷ്യനെ ബഹിരാകാശത്തയക്കുന്നതിനായി ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന ബാഹുബലി റോക്കറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അദേഹമായിരുന്നു.
ഗഗന്‍യാന്‍, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4 തുടങ്ങിയ വന്‍ പദ്ധതികള്‍ക്കാണ് ഐഎസ്ആര്‍ഒ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിനായി പ്രശാന്ത് നായര്‍, അങ്കത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ഷു ശുക്ല എന്നീ നാല് സഞ്ചാരികളെ ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ തിരികെ എത്തിക്കുന്നതിനുള്ള ദൗത്യമാണ് ചന്ദ്രയാന്‍ 4. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതിനും ഭൂമിയില്‍ തിരികെ എത്തിക്കുന്നതിനുമുള്ള അടിസ്ഥാന സാങ്കേതിക വിദ്യകളും ഈ ദൗത്യത്തില്‍ പരീക്ഷിക്കപ്പെടും.