കാന്‍ബറ: വിവാദമായ മാധ്യമ നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സമ്മതിച്ചതോടെ ഓസ്ട്രേലിയന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് പിന്‍വലിച്ചു.
ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധിതമാക്കുന്നതായിരുന്നു നിയമം. ഇതിനെതിരെയാണ് ഫെയ്സ്ബുക്ക് പ്രതിഷേധിച്ചതും വിലക്ക് ഏര്‍പ്പെടുത്തിയതും.
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടെ പക്ഷം പിടിച്ചുള്ള നിയമ സംവിധാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കമ്പനി. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴി ഇനി വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഓസ്ട്രേലിയക്കാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് കമ്പനി തീരുമാനമെടുത്തത്. ഇതേതുടര്‍ന്ന്, ജനങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കാന്‍ സാധിച്ചിരുന്നില്ല.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ക്ക് തയ്യാറായിട്ടുണ്ടെന്നും മാധ്യമസ്ഥാപനങ്ങളുമായി വാണിജ്യ കരാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് ഓസ്ട്രേലിയ മാനേജിങ് ഡയറക്ടര്‍ വില്യം ഈസ്റ്റണ്‍ പറഞ്ഞു.