ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഇന്ത്യക്ക് ചരിത്രനേട്ടം. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണമായ 'സ്പേഡെക്സ് ദൗത്യം' ഐഎസ്‌ആർഒ വിജയകരമായി പൂർത്തിയാക്കി. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വെച്ച് വിജയകരമായി കൂട്ടിച്ചേർത്തത്.
ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രണവിധേയമാക്കുന്നതിലെ തടസങ്ങളെ തുടർന്ന് നേരത്തെ രണ്ടുതവണ 'സ്പേഡെക്സ് ദൗത്യം' ഐഎസ്‌ആർഒ മാറ്റിവെച്ചിരുന്നു. ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയാണിതെന്നും ദൗത്യം കരുതലോടെ പൂർത്തിയാക്കാനാണ് ശ്രമമെന്നും മലയാളിയായ ഐഎസ്‌ആർഒ ചെയർമാൻ വി. നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഐഎസ്ആർഒയുടെ ബെംഗളൂരു പീനിയയിലെ ഇസ്ട്രാക്കിൽ നിന്നാണ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പിഎസ്എൽവി സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഡിസംബർ 30നാണ് സ്പേഡ് എക്സ് വിക്ഷേപിച്ചത്.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ്. ഇതിന് ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.