ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. കാനഡയില്‍ ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും രാഷ്ട്രീയം വിട്ടേക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ട്രൂഡോയെ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയം വിട്ട ശേഷം എന്ത് ചെയ്യുമെന്ന് ചിന്തിക്കാന്‍ തനിക്ക് സമയമില്ലെന്നും ട്രൂഡോ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് ഊര്‍ജ്ജസ്വലനായ യുവ നേതാവായി രംഗത്തെത്തി ഭരണ നേതൃത്വം പിടിച്ച ട്രൂഡോയുടെ രാഷ്ട്രീയ മേഖലയിലെ വളരെ ദയനീയമായ പര്യവസാനമാണിത്.
ട്രൂഡോയുടെ ഭരണകാലത്ത് കുടിയേറ്റം, പണപ്പെരുപ്പം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ രാജ്യം പിറകോട്ട് പോയതായി കാനഡയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഏതാനും മാസത്തേക്ക് പാര്‍ലമെന്റ് അംഗമായും തുടരും. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തിന് ശേഷം എംപി സ്ഥാനത്ത് നിന്നും അദേഹം ഒഴിവാകുമെന്നാണ് റിപ്പോര്‍ട്ട്.
ട്രൂഡോയുടെ കാലത്ത് അദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കും കാനഡയില്‍ ജനപ്രീതിയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നു. ആ സമയങ്ങളില്‍ കാനഡയ്ക്ക് അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധവും ഏറെ വഷളായിരുന്നു.