ഖര്‍ വാപ്പസി: പ്രണബ് മുഖര്‍ജിയെക്കുറിച്ച് മോഹന്‍ ഭാഗവതിന്റെ അവകാശവാദം വിശ്വസനീയമല്ലെന്ന് സിബിസിഐ

ഖര്‍ വാപ്പസി: പ്രണബ് മുഖര്‍ജിയെക്കുറിച്ച് മോഹന്‍ ഭാഗവതിന്റെ അവകാശവാദം വിശ്വസനീയമല്ലെന്ന് സിബിസിഐ

ന്യൂഡല്‍ഹി: ഖര്‍ വാപ്പസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദം തള്ളി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).

സ്വകാര്യ സംഭാഷണത്തെ വളച്ചൊടിച്ച് മുന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മതം മാറിയവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

ആദിവാസികളെ തിരികെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ദോശ ദ്രോഹികളാകുമായിരുന്നു എന്ന് പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതായി മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. ക്രൈസ്തവ മിഷനറിമാരെ പരാമര്‍ശിച്ചായിരുന്നു പ്രസംഗം.

ഡോ. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ മോഹന്‍ ഭാഗവത് എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന് സിബിസിഐ ചോദിച്ചു. മോഹന്‍ ഭാഗവത് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല.

രാജ്യത്തിന്റെ മതേതര മൂല്യം സംരക്ഷിക്കാന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജി. ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ആദിവാസികളെ ഘര്‍ വാപ്പസി എന്ന പേരില്‍ ആക്രമിക്കുന്നതല്ലേ ദേശദ്രോഹമെന്നും സിബിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.