ഹമാസ് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ്.
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രാദേശിക സമയം ഇന്ന് രാവിലെ 8.30 ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 ന്) പ്രാബല്യത്തില്‍ വരേണ്ട ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ വൈകുന്നു. ഇന്ന് കൈമാറേണ്ട ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് നല്‍കാത്തതാണ് കാരണം.
വ്യക്തമായ വിവരങ്ങള്‍ നല്‍കാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാന്‍ വൈകുന്നതെന്ന് ഹമാസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കൈമാറുന്ന ബന്ദികളുടെ പേര് 24 മണിക്കൂര്‍ മുമ്പ് നല്‍കണം. മൂന്ന് ബന്ദികളെയാണ് ഇന്ന് കൈമാറാനിരുന്നത്. ഇവരുടെ പേര് വിവരങ്ങളാണ് ഹമാസ് നല്‍കാത്തത്.
ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഹമാസ് കൈമാറിയിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചിരുന്നു.
ഹമാസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇനിയും കൈമാറിയിട്ടില്ലെന്നും പറഞ്ഞ ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി ഗാസയില്‍ ആക്രമണം തുടരുമെന്നും വ്യക്തമാക്കി.